രണ്ടാമത്തെ പ്രണയിനിയോടൊപ്പം ആദ്യപ്രണയം തിരചവിട്ടിയ അതേ കടല്‍ത്തീരത്ത് നിങ്ങള്‍ നിന്നിട്ടുണ്ടോ? ആര്‍ട്ട് ഗാലറിയുടെ ആളൊഴിഞ്ഞ ഇടനാഴിയില്‍ വച്ച് ആദ്യപ്രണയിനിയെ അടക്കിപ്പിടിച്ച പോലെ മൂന്നാമത്തെ പ്രണയത്തെ പുണര്‍ന്നിട്ടുണ്ടോ? കാഴ്ചബംഗ്ലാവിലെ കടുവാക്കുട്ടിനരികില്‍ വച്ച് രണ്ടാമത്തെവളുടെ/വന്റെ ചിത്രമെടുത്തപോലെ മൂന്നാമത്തേയും... ഒരാള്‍ക്ക് പലപ്രണയങ്ങളുണ്ടായിട്ടുണ്ടാകാം.എന്നാല്‍ അയാളുടെ പ്രണയം മുന്നേറിയ വഴികള്‍ ഒന്നുതന്നെയായിരുന്നെങ്കില്‍ എന്തോ കുഴപ്പമുണ്ട്...അങ്ങനെ ഒരാളെ പരിചയപ്പെട്ടു, ഫിലിപ് ബാഷിന്‍സ്കി എന്ന ബ്രസീലുകാരന്റെ Not By chance എന്ന സിനിമയില്‍. പേര് പെദ്രൊ , വയസ് 30 , ഒരു സ്നൂക്കര്‍ കളിക്കാരന്‍.അങ്ങനെയങ്ങ് കളിക്കാരനല്ല .എങ്കിലും മത്സരങ്ങളില്‍ ജയിക്കും . ഓരോ ഷോട്ടിലും പന്തുരുളുന്ന വഴികള്‍ , എത്തിനില്‍ക്കുന്ന സ്ഥാനങ്ങള്‍ വരച്ച് അടയാളപ്പെടുത്തി,റിഹേഴ്സല്‍ ചെയ്തു കണിശതയോടെ കളിക്കുന്നു.ആസൂത്രിതമായ കളി.
എന്താണ്തൊഴില്‍ ? സ്നൂക്കര്‍ റ്റേബിളുകള്‍ ഉണ്ടാക്കിവില്‍ക്കുന്നു. അങ്ങനെ ഒരു തൊഴില്‍ ഇതിന് മുമ്പ് കേട്ടിട്ടേയില്ലെന്നു പറഞ്ഞ രണ്ടാമത്തെ കൂട്ടുകാരിയോട് മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല, പിതാവില്‍ നിന്ന് കിട്ടിയത് എന്നു പെദ്രൊ മറുപടി പറഞ്ഞു.മരപ്പണിയില്‍ എന്നപോലെ അയാളുടെ ബന്ധങ്ങളിലും അളവ് കണക്കുകള്‍ കൃത്യം.അയാളോടൊപ്പം ജീവിതം തുടങ്ങിയ ആദ്യപ്രണയിനി റോഡപകടത്തില്‍ മരിച്ച ദിവസം ,അവള്‍ പുറപ്പെടാന്‍ വാതിലോളം ചെന്ന് ഒരു നിമിഷം മടങ്ങി വന്നിരുന്നു. ആ ഒരു നിമിഷത്തിന്റെ ചുവടുകള്‍ അവള്‍ക്ക് കിട്ടീയിരുന്നെങ്കില്‍ എന്ന് സങ്കടത്തൊടെ അയാള്‍ ഓര്‍ക്കുന്നു. സീബ്രാവരകള്‍ മുറിക്കുമ്പോള്‍ അവളുടെ വാലെറ്റ് നിലത്തു വീണു, അതവള്‍ മടങ്ങി വന്ന് എടുക്കുന്നു. ഒരു നിമിഷം മുന്നേ എന്ന ഭാവനയില്‍, മരണത്തിനുകാരണമായ കാറില്ല.അത് വരമുറിച്ച് കടന്നുപോയിരുന്നു.
സുര്യവെളിച്ചത്തില്‍ കത്തുന്ന തെരുവ് വിളക്ക് കരുതലിന്റെ ഒരു ദീപസ്തംഭം. ചിട്ട ക്രമം കൃത്യത കണിശത... എന്നിങ്ങനെ ഇന്ന് എല്ലനാവും ഉരുവിടും.എന്നാല്‍ ഒരു ജീവിതത്തെ മുഴുവനായും ആസൂത്രണം ചെയ്യുക സാഹസമായിരിക്കും.സ്വപ്നം കാണുകയും ഭാവനചെയ്യുകയും തീവ്രമായി ആഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത ജീവിതത്തിന്റെ നിരവധി സംവത്സരങ്ങല്‍ക്കുമേല്‍ ചിലപ്പോള്‍ ചില നിമിഷങ്ങള്‍ മേല്‍ക്കൈ നേടും, അതിനെ നാം ആകസ്മികത എന്നുവിളിക്കും.
സാവൊ പോളൊ നഗരത്തിന്റെ എടുപ്പിലും പ്രൌഢിയിലും തിരക്കിലും നിന്ന് സിനിമ തുടങ്ങുമ്പോള്‍ പതിവ് കഥ എന്നേ പ്രതീക്ഷിച്ചുള്ളു. ഇനിയൊ, മധ്യവയസുള്ള ട്രാഫിക് എഞ്ചിനീയര്‍ രാവിലെ കാപ്പി കപ്പുമായി ട്രാഫിക് കണ്ട്രോള്‍ റൂമിലെ കമ്പ്യൂട്ടറിന് മുന്നിലെത്തി രാത്രിജോലിയിലുണ്ടായിരുന്നയാള്‍ക്ക് സുഖവിശ്രമം ആശംസിക്കുന്നതോടെ സിനിമ വഴിമാറാന്‍ തുടങ്ങി. തൊഴില്‍ ഒരാളുടെ മനോനിലയെ, സ്വഭാവത്തെ ശീലത്തെ എത്രത്തോളം സ്വാധീനിക്കും , നിയന്ത്രിക്കും? ഇനിയൊയുടെ ചലനങ്ങളിലും ഭാവങ്ങളിലും വ്യക്തമാകുന്ന ഗംഭീരമായൊരു നിയന്ത്രണം അഭിനയത്തിന്റെ മിതത്വത്തിനപ്പുറം ചലച്ചിത്രത്തിന്റെ സൂക്ഷ്മ പ്രമേയമാകുന്നു.എന്നാല്‍ തെരുവില്‍ അപകടത്തില്‍പ്പെട്ടത് തന്റെ കൂടി ജീവിതമെന്നറിഞ്ഞ് അയാള്‍ കണ്ട്രോള്‍ റൂമില്‍നിന്നിറങ്ങി ഓടുന്നു.ചിട്ടനിറഞ്ഞ ജീവിതമുള്ള രണ്ടുകഥകള്‍ ഒരപകടത്തിലൂടെ ചേര്‍ത്തു പറയുന്ന ഈ സിനിമ ദുരന്തത്തെ യാദൃശ്ചികം എന്നു വിളിക്കുന്നില്ല.തടയണകള്‍ കെട്ടാനാവാത്തൊരു നദിയുടെ ആഴത്തിലേക്കു നോക്കുന്നു, ഒഴുക്കിലേക്കും.
ഫിലിപ് ബാഷിന്‍സ്കിയുടെ ആദ്യ ഫീച്ചര്‍ സിനിമയായ Not By chance 2007 ഏപ്രിലിലാണ് പുറത്തുവന്നത്. മികച്ച സിനിമയ്ക്കും അഭിനയത്തിനും എഡിറ്റിംഗിനും ഉള്‍പ്പെടെ നിരവധി രാജ്യാന്തരപുരസ്കാരങ്ങള്‍ക്ക് ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടു. വികാരങ്ങള്‍ മുങ്ങിമരിക്കുന്ന നഗരം സാവൊ പോളൊ മാത്രമല്ലല്ലൊ.
അവസാന സീനില്‍, തന്നില്‍ നിന്ന് അകന്നു പോകുന്ന മകളെ വീണ്ടെടുക്കാന്‍ ഇനിയൊ തെരുവില്‍ നിന്നുകൊണ്ടു നഗരത്തെ നിയന്ത്രിക്കുന്നു -നമ്മുടെ ചെറുപട്ടണങ്ങളില്‍ കോണ്‍ക്രീറ്റുകുടക്കിഴീല്‍ സ്റ്റോപ് എന്നെഴുതിയ തകരവുമായി ഒരു പോലീസുകാരന്‍ ഇപ്പോഴും നിന്നു തിരിയുന്നുണ്ട്, നമ്മുടെ ഉള്ളീലും.