Saturday, October 27, 2007

മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം

മന്ത്രവാദത്തില്‍ കവിടിയുടെ പൊരുളെന്താണ്? അത് നിരത്തുന്ന കണിയാന്/ ആഭിചാരക്കാര്‍ക്ക് ജലജീവിതത്തിന്റെ ആദിമ രഹസ്യമെന്തെങ്കിലും അവ കൈമാറുന്നുണ്ടോ? മഞ്ചാടിക്കുരുവോ പുളിങ്കുരുവോ കവിടിയ്ക്കു പകരം ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും? ഇതൊന്നും ആലോചിച്ചിട്ടുള്ള വിഷയങ്ങളല്ല.

ആധുനിക രാഷ്ട്രങ്ങളില്‍ മതവും രാഷ്ട്രീയവും എന്ന പോലെ പ്രാകൃത സമൂഹങ്ങളില്‍ മതവും മന്ത്രവാദവും കൂടിക്കുഴഞ്ഞു കിടന്നു.മാതൃദായക ക്രമത്തിന്റെ കാലഘട്ടം അവസാനിക്കുന്നതിന് മുമ്പുതന്നെ കാര്‍ഷിക വൃത്തി ആരംഭിച്ചതായി കണക്കാക്കപ്പെടുന്ന പ്രാചീന ഈജിപ്റ്റില്‍ മതത്തിലെ ലൈംഗിക ഘടകം പുരുഷലിംഗമായിരുന്നില്ല, മറിച്ച് സ്ത്രീയുടെ ജനനേന്ദ്രീയത്തോടു ബന്ധപ്പെട്ടതായിരുന്നു. കവിടി അതിന്റെ ആകൃതിയെ സൂചിപ്പിക്കുന്നതായും തന്മുലം കവിടിയ്ക്ക് മാന്ത്രികശക്തിയുള്ളതായും കണക്കാക്കപ്പെട്ടിരുന്നു.

ഫെമിനിസത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ 1876- ല്‍ ഫ്രാന്‍സില്‍ ജനിച്ച് ബ്രിട്ടനിലേക്കു കുടിയേറിയ ഭിഷഗ്വരനും ചരിത്രകാരനും സാമൂഹിക നരവംശ ശാസ്ത്രജ്ഞനുമായ റോബര്‍ട്ട് ബിഫാള്‍ട്ട് എന്നൊരാളെ പരിചയപ്പെടും, മാതൃദായക ക്രമമുള്ള സമുഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പേരില്‍. റോബര്‍ട്ട് ബ്രിഫാള്‍ട്ടിന്റെ രതിയും നാഗരികതയും എന്ന കൃതിയിലാണ് മേല്‍ സുചിപ്പിച്ച നിരീക്ഷണങ്ങളുള്ളത്. സംസ്കാരത്തിന് വിപുലമായൊരു നിര്‍വചനം നല്‍കിയ നരവശ ശാസ്ത്രന്ജ്ഞനായ ബ്രൊനിസ്ലേവ് മലിനോവ്സ്കിയുമായി, വിവാഹം ഇന്നലെ ഇന്ന് എന്ന വിഷയത്തില്‍ ബ്രിഫാള്‍ട്ട് നടത്തിട്ടുള്ള സംവാദങ്ങള്‍ പ്രശസ്തമാണ്.1931 -ല്‍ ബി ബി സി ഈ സംവാദങ്ങള്‍ സംപ്രേഷണം ചെയ്യുകയും The listener എന്ന ബി ബി സി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നമുക്ക് കവിടിയുടെ ആകൃതിയിലേക്കു മടങ്ങി വരാം. അങ്ങനെയെങ്കില്‍ അറേബ്യയില്‍ മന്ത്രവാദത്തിന് ഈന്തപ്പഴത്തിന്റെ കുരു ഉപയോഗിച്ചിരുന്നോ എന്നത് അന്വേഷിക്കാവുന്നതാണ്. അതെന്തയാലും ഭക്ത്യാദരം എന്റെ ഭഗവതിയേ എന്നുവിളിക്കുന്നവരിലധികവും ഭഗം എന്ന വാക്കിന്റെ അര്‍ത്ഥം യോനി എന്നാണെന്നു അറിയുന്നവരല്ല. സായ്‌വന്മാര്‍ അതറിഞ്ഞവരായിരിക്കണം!

5 comments:

Harold said...

എന്റെ ഭഗവതിയേ !

absolute_void(); said...

നമ്മുടെ താലിയും യോനി പ്രതിരൂപമാണല്ലോ. അതേ പോലെ തന്റെ കന്യാചര്മ്മം ഭേദിക്കപ്പെട്ടു എന്ന പ്രഖ്യാപനമാണ് സീമന്തരേഖയിലെ സിന്ദൂരം എന്നും കേട്ടിട്ടുണ്ട്.

Anonymous said...

അതിന് ? പറഞ്ഞു വന്ന പോയന്റെന്ത്?

Anoop Technologist (അനൂപ് തിരുവല്ല) said...

പുതിയ ചില അറിവുകള്‍ സമ്മാനിച്ചതിന് നന്ദി.

nalan::നളന്‍ said...

ഇതു വായിച്ച് നമ്മുടെ ഞരമ്പുരോഗികള്‍ ജ്യോതിഷരത്നങ്ങളായ് അവതരിക്കാനുള്ള സാധ്യത തെളിയുന്നു. :)