Monday, October 29, 2007

ആദ്യപ്രണയം തിരചവിട്ടിയ കടല്‍ത്തീരത്ത്
രണ്ടാമത്തെ പ്രണയിനിയോടൊപ്പം ആദ്യപ്രണയം തിരചവിട്ടിയ അതേ കടല്‍ത്തീരത്ത് നിങ്ങള്‍ നിന്നിട്ടുണ്ടോ? ആര്‍ട്ട് ഗാലറിയുടെ ആ‍ളൊഴിഞ്ഞ ഇടനാഴിയില്‍ വച്ച് ആദ്യപ്രണയിനിയെ അടക്കിപ്പിടിച്ച പോലെ മൂന്നാമത്തെ പ്രണയത്തെ പുണര്‍ന്നിട്ടുണ്ടോ? കാഴ്ചബംഗ്ലാവിലെ കടുവാക്കുട്ടിനരികില്‍ വച്ച് രണ്ടാമത്തെവളുടെ/വന്റെ ചിത്രമെടുത്തപോലെ മൂന്നാമത്തേയും... ഒരാള്‍ക്ക് പലപ്രണയങ്ങളുണ്ടായിട്ടുണ്ടാകാം.എന്നാല്‍ അയാളുടെ പ്രണയം മുന്നേറിയ വഴികള്‍ ഒന്നുതന്നെയായിരുന്നെങ്കില്‍ എന്തോ കുഴപ്പമുണ്ട്...അങ്ങനെ ഒരാളെ പരിചയപ്പെട്ടു, ഫിലിപ് ബാഷിന്‍സ്കി എന്ന ബ്രസീലുകാരന്റെ Not By chance എന്ന സിനിമയില്‍. പേര് പെദ്രൊ , വയസ് 30 , ഒരു സ്നൂക്കര്‍ കളിക്കാരന്‍.അങ്ങനെയങ്ങ് കളിക്കാരനല്ല .എങ്കിലും മത്സരങ്ങളില്‍ ജയിക്കും . ഓരോ ഷോട്ടിലും പന്തുരുളുന്ന വഴികള്‍ , എത്തിനില്‍ക്കുന്ന സ്ഥാനങ്ങള്‍ വരച്ച് അടയാളപ്പെടുത്തി,റിഹേഴ്സല്‍ ചെയ്തു കണിശതയോടെ കളിക്കുന്നു.ആസൂത്രിതമായ കളി.

എന്താണ്തൊഴില്‍ ? സ്നൂക്കര്‍ റ്റേബിളുകള്‍ ഉണ്ടാക്കിവില്‍ക്കുന്നു. അങ്ങനെ ഒരു തൊഴില്‍ ഇതിന് മുമ്പ് കേട്ടിട്ടേയില്ലെന്നു പറഞ്ഞ രണ്ടാമത്തെ കൂട്ടുകാരിയോട് മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല, പിതാവില്‍ നിന്ന് കിട്ടിയത് എന്നു പെദ്രൊ മറുപടി പറഞ്ഞു.മരപ്പണിയില്‍ എന്നപോലെ അയാളുടെ ബന്ധങ്ങളിലും അളവ് കണക്കുകള്‍ കൃത്യം.അയാളോടൊപ്പം ജീവിതം തുടങ്ങിയ ആദ്യപ്രണയിനി റോഡപകടത്തില്‍ മരിച്ച ദിവസം ,അവള്‍ പുറപ്പെടാന്‍ വാതിലോളം ചെന്ന് ഒരു നിമിഷം മടങ്ങി വന്നിരുന്നു. ആ ഒരു നിമിഷത്തിന്റെ ചുവടുകള്‍ അവള്‍ക്ക് കിട്ടീയിരുന്നെങ്കില്‍ എന്ന് സങ്കടത്തൊടെ അയാള്‍ ഓര്‍ക്കുന്നു. സീബ്രാവരകള്‍ മുറിക്കുമ്പോള്‍ അവളുടെ വാലെറ്റ് നിലത്തു വീണു, അതവള്‍ മടങ്ങി വന്ന് എടുക്കുന്നു. ഒരു നിമിഷം മുന്നേ എന്ന ഭാവനയില്‍, മരണത്തിനുകാരണമായ കാറില്ല.അത് വരമുറിച്ച് കടന്നുപോയിരുന്നു.

സുര്യവെളിച്ചത്തില്‍ കത്തുന്ന തെരുവ് വിളക്ക് കരുതലിന്റെ ഒരു ദീപസ്തംഭം. ചിട്ട ക്രമം കൃത്യത കണിശത... എന്നിങ്ങനെ ഇന്ന് എല്ലനാവും ഉരുവിടും.എന്നാല്‍ ഒരു ജീ‍വിതത്തെ മുഴുവനായും ആസൂത്രണം ചെയ്യുക സാഹസമായിരിക്കും.സ്വപ്നം കാണുകയും ഭാവനചെയ്യുകയും തീവ്രമായി ആഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത ജീവിതത്തിന്റെ നിരവധി സംവത്സരങ്ങല്‍ക്കുമേല്‍ ചിലപ്പോള്‍ ചില നിമിഷങ്ങള്‍ മേല്‍ക്കൈ നേടും, അതിനെ നാം ആകസ്മികത എന്നുവിളിക്കും.

സാവൊ പോളൊ നഗരത്തിന്റെ എടുപ്പിലും പ്രൌഢിയിലും തിരക്കിലും നിന്ന് സിനിമ തുടങ്ങുമ്പോള്‍ പതിവ് കഥ എന്നേ പ്രതീക്ഷിച്ചുള്ളു. ഇനിയൊ, മധ്യവയസുള്ള ട്രാഫിക് എഞ്ചിനീയര്‍ രാവിലെ കാപ്പി കപ്പുമായി ട്രാഫിക് കണ്ട്രോള്‍ റൂമിലെ കമ്പ്യൂട്ടറിന് മുന്നിലെത്തി രാത്രിജോലിയിലുണ്ടായിരുന്നയാള്‍ക്ക് സുഖവിശ്രമം ആശംസിക്കുന്നതോടെ സിനിമ വഴിമാറാന്‍ തുടങ്ങി. തൊഴില്‍ ഒരാളുടെ മനോനിലയെ, സ്വഭാവത്തെ ശീലത്തെ എത്രത്തോളം സ്വാധീനിക്കും , നിയന്ത്രിക്കും? ഇനിയൊയുടെ ചലനങ്ങളിലും ഭാവങ്ങളിലും വ്യക്തമാകുന്ന ഗംഭീരമായൊരു നിയന്ത്രണം അഭിനയത്തിന്റെ മിതത്വത്തിനപ്പുറം ചലച്ചിത്രത്തിന്റെ സൂക്ഷ്മ പ്രമേയമാകുന്നു.എന്നാല്‍ തെരുവില്‍ അപകടത്തില്‍പ്പെട്ടത് തന്റെ കൂടി ജീവിതമെന്നറിഞ്ഞ് അയാള്‍ കണ്ട്രോള്‍ റൂമില്‍നിന്നിറങ്ങി ഓടുന്നു.ചിട്ടനിറഞ്ഞ ജീവിതമുള്ള രണ്ടുകഥകള്‍ ഒരപകടത്തിലൂടെ ചേര്‍ത്തു പറയുന്ന ഈ സിനിമ ദുരന്തത്തെ യാദൃശ്ചികം എന്നു വിളിക്കുന്നില്ല.തടയണകള്‍ കെട്ടാനാവാത്തൊരു നദിയുടെ ആഴത്തിലേക്കു നോക്കുന്നു, ഒഴുക്കിലേക്കും.

ഫിലിപ് ബാഷിന്‍സ്കിയുടെ ആദ്യ ഫീച്ചര്‍ സിനിമയായ Not By chance 2007 ഏപ്രിലിലാണ് പുറത്തുവന്നത്. മികച്ച സിനിമയ്ക്കും അഭിനയത്തിനും എഡിറ്റിംഗിനും ഉള്‍പ്പെടെ നിരവധി രാജ്യാന്തരപുരസ്കാരങ്ങള്‍ക്ക് ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടു. വികാരങ്ങള്‍ മുങ്ങിമരിക്കുന്ന നഗരം സാവൊ പോളൊ മാത്രമല്ലല്ലൊ.

അവസാന സീനില്‍, തന്നില്‍ നിന്ന് അകന്നു പോകുന്ന മകളെ വീണ്ടെടുക്കാന്‍ ഇനിയൊ തെരുവില്‍ നിന്നുകൊണ്ടു നഗരത്തെ നിയന്ത്രിക്കുന്നു -നമ്മുടെ ചെറുപട്ടണങ്ങളില്‍ കോണ്‍ക്രീറ്റുകുടക്കിഴീല്‍ സ്റ്റോപ് എന്നെഴുതിയ തകരവുമായി ഒരു പോലീസുകാരന്‍ ഇപ്പോഴും നിന്നു തിരിയുന്നുണ്ട്, നമ്മുടെ ഉള്ളീലും.Saturday, October 27, 2007

മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം

മന്ത്രവാദത്തില്‍ കവിടിയുടെ പൊരുളെന്താണ്? അത് നിരത്തുന്ന കണിയാന്/ ആഭിചാരക്കാര്‍ക്ക് ജലജീവിതത്തിന്റെ ആദിമ രഹസ്യമെന്തെങ്കിലും അവ കൈമാറുന്നുണ്ടോ? മഞ്ചാടിക്കുരുവോ പുളിങ്കുരുവോ കവിടിയ്ക്കു പകരം ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും? ഇതൊന്നും ആലോചിച്ചിട്ടുള്ള വിഷയങ്ങളല്ല.

ആധുനിക രാഷ്ട്രങ്ങളില്‍ മതവും രാഷ്ട്രീയവും എന്ന പോലെ പ്രാകൃത സമൂഹങ്ങളില്‍ മതവും മന്ത്രവാദവും കൂടിക്കുഴഞ്ഞു കിടന്നു.മാതൃദായക ക്രമത്തിന്റെ കാലഘട്ടം അവസാനിക്കുന്നതിന് മുമ്പുതന്നെ കാര്‍ഷിക വൃത്തി ആരംഭിച്ചതായി കണക്കാക്കപ്പെടുന്ന പ്രാചീന ഈജിപ്റ്റില്‍ മതത്തിലെ ലൈംഗിക ഘടകം പുരുഷലിംഗമായിരുന്നില്ല, മറിച്ച് സ്ത്രീയുടെ ജനനേന്ദ്രീയത്തോടു ബന്ധപ്പെട്ടതായിരുന്നു. കവിടി അതിന്റെ ആകൃതിയെ സൂചിപ്പിക്കുന്നതായും തന്മുലം കവിടിയ്ക്ക് മാന്ത്രികശക്തിയുള്ളതായും കണക്കാക്കപ്പെട്ടിരുന്നു.

ഫെമിനിസത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ 1876- ല്‍ ഫ്രാന്‍സില്‍ ജനിച്ച് ബ്രിട്ടനിലേക്കു കുടിയേറിയ ഭിഷഗ്വരനും ചരിത്രകാരനും സാമൂഹിക നരവംശ ശാസ്ത്രജ്ഞനുമായ റോബര്‍ട്ട് ബിഫാള്‍ട്ട് എന്നൊരാളെ പരിചയപ്പെടും, മാതൃദായക ക്രമമുള്ള സമുഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പേരില്‍. റോബര്‍ട്ട് ബ്രിഫാള്‍ട്ടിന്റെ രതിയും നാഗരികതയും എന്ന കൃതിയിലാണ് മേല്‍ സുചിപ്പിച്ച നിരീക്ഷണങ്ങളുള്ളത്. സംസ്കാരത്തിന് വിപുലമായൊരു നിര്‍വചനം നല്‍കിയ നരവശ ശാസ്ത്രന്ജ്ഞനായ ബ്രൊനിസ്ലേവ് മലിനോവ്സ്കിയുമായി, വിവാഹം ഇന്നലെ ഇന്ന് എന്ന വിഷയത്തില്‍ ബ്രിഫാള്‍ട്ട് നടത്തിട്ടുള്ള സംവാദങ്ങള്‍ പ്രശസ്തമാണ്.1931 -ല്‍ ബി ബി സി ഈ സംവാദങ്ങള്‍ സംപ്രേഷണം ചെയ്യുകയും The listener എന്ന ബി ബി സി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നമുക്ക് കവിടിയുടെ ആകൃതിയിലേക്കു മടങ്ങി വരാം. അങ്ങനെയെങ്കില്‍ അറേബ്യയില്‍ മന്ത്രവാദത്തിന് ഈന്തപ്പഴത്തിന്റെ കുരു ഉപയോഗിച്ചിരുന്നോ എന്നത് അന്വേഷിക്കാവുന്നതാണ്. അതെന്തയാലും ഭക്ത്യാദരം എന്റെ ഭഗവതിയേ എന്നുവിളിക്കുന്നവരിലധികവും ഭഗം എന്ന വാക്കിന്റെ അര്‍ത്ഥം യോനി എന്നാണെന്നു അറിയുന്നവരല്ല. സായ്‌വന്മാര്‍ അതറിഞ്ഞവരായിരിക്കണം!

Tuesday, October 23, 2007

സെയ്ദു മുഹമ്മദ് വലേസയോ, പോളണ്ടിനെക്കുറിച്ച് മിണ്ടരുത്


സന്ദേശം എന്ന സിനിമയിലെ ശ്രീനിവാസന്റെ സഖാവ് കഥാപാത്രമാണ് പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന് പറഞ്ഞത്.യൂറോപ്പിന്റെ നടുക്ക് ജര്‍മ്മനിയുടെ കിഴക്ക് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സ്വതന്ത്രമായെങ്കിലും നാസികളുടേയും സോവിയറ്റുയൂണിയന്റേയും താത്പര്യങ്ങള്‍ പിടിമുറുക്കിയ ഒരു രാഷ്ട്രം സഖാക്കളുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടുക സ്വാഭാവികമാണ്.സര്‍വ്വരാജ്യത്തൊഴിലാളികള്‍
സംഘടിക്കുന്നതിനിടയില്‍ പോളണ്ടിലെ സോളിഡാരിറ്റി എന്ന തൊഴിലാളിപ്രസ്ഥാനം ലെ വലേസയുടെ നേതൃത്വത്തില്‍ അവിടത്തെ കമ്മ്യുണിസ്റ്റ് ഭരണത്തിനെതിരെ പ്രക്ഷോഭമുയര്‍ത്തി. എമ്പതുകളില്‍ ആ സമരത്തെ ലോകമറിഞ്ഞു.

സോളിഡാരിറ്റി പിന്തുണയില്‍ ഭരണമാറ്റമുണ്ടായി. 1990-ല്‍ ലെ വലേസ റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി. പ്രക്ഷോഭത്തെ നയിക്കുന്നതുപോലല്ല രാജ്യത്തെ നയിക്കല്‍.ആകയാല്‍ 95-ല്‍ അലക്സാണ്ടര്‍ കസിന്‍സ്കിയോട് വലേസ പരാജയപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റുകളും പഴയകമ്മ്യൂണിസ്റ്റുകളും അനുഭാവികളും ഒന്നിച്ച നവ ഇടതുപക്ഷമായിരുന്നു എതിര്‍ചേരി. പിന്നീട് സോളീഡാരിറ്റിയും ഇടതരും മാറിമാറി വന്ന് പോളണ്ട് രാഷ്ട്രീയാസ്ഥിരത അറിഞ്ഞു. തൊഴിലില്ലയ്മപെരുകി. വികസനം മുരടിച്ചു. ഇതിനിടയില്‍ കലഹിച്ചും പിളര്‍ന്നും പോളണ്ടിലെ സഖാക്കളുടെ സ്ഥിതി ഇന്ത്യന്‍ ഇടതുപക്ഷത്തേക്കാള്‍ ദയനീയമായി.

യാഥാസ്ഥിതികരും അവരിലെ മിതവാദികളും തമ്മിലായി ഭരിക്കാനുള്ള മത്സരം. ഇപ്പോഴത്തെ പ്രധാനമന്ത്രിയും കടുത്തമൂരാച്ചിയുമായ ജറോസ്ലോവ് കസിന്‍സ്കിയുടെ രഷ്ട്രീയ സഖ്യത്തെ പരാജയപ്പെടുത്തി തച്ചന്റെ മകനും മിതവാദിയും പഴയ സോളിഡാരിറ്റിയുമായ ഡൊണാള്‍ഡ് റ്റസ്ക് അധികാരത്തിലേക്കു വരുന്നു. പോളണ്ടിലെ കര്‍ഷകപാര്‍ട്ടിയുടെ പിന്തുണയോടെ.ഇപ്പോഴത്തെ വികാരം ട്രേഡുയൂണിയനല്ല, യൂറോപ്യന്‍ യൂണീയനാണ്. Europe is here not somewhere in Brussels എന്ന് റ്റസ്ക് പറഞ്ഞു കഴിഞ്ഞു..

സോളിഡാരിറ്റി സ്വതന്ത്ര ട്രേഡുയൂണിയനല്ല , അതിന്റെ പിന്നില്‍ പള്ളിയാണെന്നു സഖാക്കള്‍ പറഞ്ഞിരുന്നു. 90% റോമന്‍ കത്തോലിക്കരുള്ള ഒരു രാജ്യത്ത് പോളണ്ടുകാരന്റെ നിത്യജീവിതത്തില്‍ പള്ളി ഉണ്ടെങ്കില്‍ അവിടത്തെ ബഹുജനസമരത്തേയും പള്ളീ സ്വാധീനിച്ചേക്കാം. ഈ കുറിപ്പിന് കാരണഭൂതം ഡൊണാള്‍ഡ് റ്റ്സ്കല്ല, കേരളത്തിലെ സോളിഡാരിറ്റിയാണ്. മലയാള മാധ്യമങ്ങളില്‍ നിറയുന്ന സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ്.പടച്ചോന്റെ കൃപയാല്‍ ഒരു സെയ്ദു മുഹമ്മദ് വലേസ ഉയര്‍ന്ന് വന്ന് നമ്മെ മോചിപ്പിക്കാനിടയില്ല. എന്നാല്‍ മലയാളി മാവോമാര്‍ എല്ലാസന്ധ്യകളിലും സോളിഡാരിറ്റി വേദികളില്‍ തൊള്ളതുറക്കുന്നുണ്ട്. പഴയ ബന്ധത്തിന്റെ പേരില്‍ ഹുജിന്റാവോയ്ക്ക് സന്ദേശങ്ങള്‍ അയ്ക്കുന്നുണ്ട്. അതുകൊണ്ടാകണം അതിയാനും മതത്തെക്കുറിച്ച് പുനരാലോചനകള്‍ നടത്തുന്നത്.

താമരശേരി ചുരം എത്ര ചെറുത്!

Monday, October 22, 2007

ഖസാക്കിലെ എം എന്‍ വിജയന്‍ : കണ്‍വെട്ടത്തെ ജിദ്ദു
Please look into yourself deeply, not according to Freud or anybody else,
but actually. And to look at yourself, you must be free to look
- Jiddu krishnamurthi

ഖാലിയാരെക്കാള്‍ ഖസാക്കുകാരനാണ് എം എന്‍ വിജയന്‍. അവിടെ തമ്പടിച്ച രണ്ടു തലമുറകള്‍ക്ക് വിചാരങ്ങളിലും വിശകലനങ്ങളിലും അതേ ഭാഷ പകര്‍ന്നു. എന്നാല്‍ അങ്ങോട്ടേക്ക് കണ്‍മിഴിച്ചതേയില്ലഎന്നാണ് ആശാമേനോന്‍ പറയുക, ആ മനസ് മനുഷ്യരെക്കൊണ്ട് തിങ്ങിപ്പോയി എന്നും. ആശാമേനോനില്‍ നിന്ന് നാം പ്രതീക്ഷിക്കാത്ത വ്യക്തതയില്‍ ഇതുകൂടി പറഞ്ഞു-കാവ്യാത്മകതയുടെ അവസാനവാക്കായി അദ്ദേഹം വൈലോപ്പിള്ളിയെ സ്വീകരിച്ചു. സ്വപ്നമാവട്ടെ , കവിതയാവട്ടെ , ജീവിതംതന്നെയാവട്ടെ ഒരു ബിന്ദുവില്‍- അതെത്ര സ്തോഭജനകമെങ്കിലും - സ്തംഭിച്ചുപോകുന്നത് പ്രയാണവിരോധിയായ ഒരവസ്ഥയാണ്.

അനാര്‍ഭാടമായി , അനായാസമായി, അന്തസായി അദ്ദേഹം ജീവിതം തരണം ചെയ്തു എന്ന് വിജയന്റെ
മരണത്തെക്കുറിച്ചെഴുതിയ കല്‍പ്പറ്റ നാരായണന്‍ ജിദ്ദു കൃഷ്ണമുര്‍ത്തിയിലേക്കു മോര്‍ഫ് ചെയ്യുമ്പോള്‍
കൂട്ടിപ്പറയരുത് നാരായണാ എന്ന് ഏതുവായനക്കാരനും പറയും. ചിലപ്പോള്‍ ഒന്നും അത്യുക്തിയല്ല എന്നാണ്
കല്‍പ്പറ്റയുടെ തലക്കെട്ട്. മേഘവര്‍ണ്ണത്തില്‍ ഒരു ഋഷിരുപന്‍ എന്ന് വി ആര്‍ സുധീഷ് വിശേഷിപ്പിക്കുമ്പോള്‍
ബ്രണ്ണന്‍ കോളേജ് ബഞ്ച് നമ്മെ അലോസരപ്പെടുത്തും. ഫ്രോയിഡ്, കണ്ണൂര്‍ പി ഒ എന്ന രാമചന്ദ്രന്റെ
ലേഖനം ഒരാവര്‍ത്തികുടി വായിക്കും. എന്നാല്‍ എന്‍ പ്രഭാകരന്റെയും ഇ പി രാജഗോപാലിന്റെയും
ലേഖനങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാന വസ്തുതകളെ അത് മറയ്ക്കുന്നില്ല. വിജയനെക്കുറിച്ച് കൃത്യതയുള്ള
നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഒരാള്‍ നിസാര്‍ അഹമ്മദാണെന്നു തോന്നുന്നു.
നമ്മുടെ ചിന്തയെ മുന്നോട്ടുനയിക്കുന്നതിനുള്ള സാമഗ്രികള്‍ ഒന്നും എം എന്‍ വിജയന്‍ പ്രദാനം ചെയ്യുന്നില്ല
എന്നാണതിന്റെ ചുരുക്കം. എന്തായാലും കെ ഇ എന്നിന്റെ ജീവിതം ഇപ്പോള്‍ ഇതിനെ ആശ്രയിച്ചാണ്.

മരണത്തെ മുന്‍ നിര്‍ത്തി എങ്ങനെ വളിപ്പെഴുതാമെന്നതിന് അക്ബര്‍ കക്കട്ടിലിന്റെ മാതൃഭുമിയിലെ കുറിപ്പ്
ഉദാഹരിക്കാം. മറ്റൊരു ശിഷ്യന്‍ മാങ്ങാട് രത്നാകരന്റെ അര്‍ച്ചന ബ്രഹത്തിനെ കൂട്ടുപിടിച്ചാണ്-

വഴികള്‍ എന്നെ ചതിക്കുഴികളിലേക്കു നയിച്ചു
വാ‍ക്കുകല്‍ എന്നെ കശാപ്പുകാരന്റെ അടുത്തെത്തിച്ചു
അധികമൊന്നും എനിക്കു ചെയ്യാനായില്ല
പക്ഷെ ഞാനില്ലായിരുന്നെങ്കില്‍
അധികാരികള്‍ അവരുടെ ഇരിപ്പിടത്തില്‍
കൂടുതല്‍ സുരക്ഷിതരായി ഇരിക്കുമായിരുന്നു
ഇതാണെന്റെ പ്രതീക്ഷ...

മനുഷ്യന്‍ ഒരാദര്‍ശലോകമല്ല. ഓരോരുത്തരും മറ്റൊരാളില്‍ തങ്ങളെ വച്ചുനോക്കുന്നു . സ്തുതി , നിന്ദ , നിന്ദാസ്തുതി ഇവയ്ക്കപ്പുറം ചിലതുണ്ട് . അവിടേയ്ക്കു ചെറു ജാലകങ്ങള്‍ തുറക്കപ്പെടുന്നതിന് നല്ല നമസ്കാരം പറഞ്ഞുകൊണ്ട് ജിദ്ദുവിലേക്കു വരാം-

To understand a fact, opinions are not necessary; on the contrary, they are a hindrance. And to inquire into this consciousness, one must be free, not bound to any particular theory or knowledge.

Sunday, October 21, 2007

എഴുത്തച്ച്ഛാ അഴീക്കോടിനല്ലേ അടുത്ത പുരസ്കാരം

വാരണമുഖന്‍ മമ പ്രാരാബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍
വാണീടുകനാരതമെന്നുടെ നാവുതന്‍മേല്‍
വാണീമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!

അപ്പോള്‍ എഴുത്തച്ഛാ വിദ്യാരംഭമായതുകൊണ്ടു ചോദിക്കുകയാ താങ്കള്‍ സന്തോഷത്തിലായിരിക്കുമല്ലോ.
തുഞ്ചന്‍ പറമ്പില്‍ അയ്യായിരം കുട്ടികള്‍ വന്നുവെന്നാ വാസുദേവന്‍ നായര് പറയുന്നെ. പടവിടിഞ്ഞ കുളവും
ഒറ്റക്കാഞ്ഞിരവും ഊളന്‍ കൂവുന്നകുറ്റിക്കാടുമായിരുന്ന ഇടമാ വാസുദേവന്‍ നായര് മാറ്റിയെടുത്തത്, ഞങ്ങള്‍
തിരുരിലെ മാപ്പിളമാര്‍ക്ക് കല്യാണ വീഡിയൊ പിടിക്കാന്‍ പറ്റിയ ചേലില്‍. കുറ്റം പറയരുതല്ലോ ഏറ്റചുമതല
പതിറ്റാണ്ടു കഴിഞ്ഞിട്ടും അങ്ങേര്‍ ഒഴിഞ്ഞിട്ടേയില്ല. വിഷയമതല്ല , അഴീക്കോടിന് എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച പത്രവാര്‍ത്ത കണ്ടു സ്വപ്നത്തില്‍, അതൊന്നുറപ്പിക്കാനാ. ആരാ പിണറായി വിജയന്‍? ത്രിശൂരിലെ
ചരമപ്രസം ഗത്തില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു പ്രഭാഷകന്‍. കേള്‍വിക്കാരെ ബുദ്ധിമുട്ടിക്കാതെ , സിപി എം സംസ്ഥാന സെക്രട്ടറി എന്ന് ഉത്തരവും പറഞ്ഞു! അപ്പോള്‍ എഴുത്തച്ഛാ ഭാഷയില്‍ ഇങ്ങനെവിജ്ഞാന വിസ്ഫോടനമുണ്ടാക്കുന്നവരെത്തന്നെയല്ലേ ആദരിക്കേണ്ടത്?
സാരമില്ല തിരൂരിലെ ഠൌണ്‍ ഹാളിന്റെ പേരുതന്നെ വാഗണ്‍ ട്രാജഡി ഹാള്‍ എന്നല്ലേ. ദുരന്തം, അതിന്റെ ഓര്‍മ്മ നമ്മുടെ മുറ്റത്തു തന്നെ.