Tuesday, October 23, 2007

സെയ്ദു മുഹമ്മദ് വലേസയോ, പോളണ്ടിനെക്കുറിച്ച് മിണ്ടരുത്


സന്ദേശം എന്ന സിനിമയിലെ ശ്രീനിവാസന്റെ സഖാവ് കഥാപാത്രമാണ് പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന് പറഞ്ഞത്.യൂറോപ്പിന്റെ നടുക്ക് ജര്‍മ്മനിയുടെ കിഴക്ക് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സ്വതന്ത്രമായെങ്കിലും നാസികളുടേയും സോവിയറ്റുയൂണിയന്റേയും താത്പര്യങ്ങള്‍ പിടിമുറുക്കിയ ഒരു രാഷ്ട്രം സഖാക്കളുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടുക സ്വാഭാവികമാണ്.സര്‍വ്വരാജ്യത്തൊഴിലാളികള്‍
സംഘടിക്കുന്നതിനിടയില്‍ പോളണ്ടിലെ സോളിഡാരിറ്റി എന്ന തൊഴിലാളിപ്രസ്ഥാനം ലെ വലേസയുടെ നേതൃത്വത്തില്‍ അവിടത്തെ കമ്മ്യുണിസ്റ്റ് ഭരണത്തിനെതിരെ പ്രക്ഷോഭമുയര്‍ത്തി. എമ്പതുകളില്‍ ആ സമരത്തെ ലോകമറിഞ്ഞു.

സോളിഡാരിറ്റി പിന്തുണയില്‍ ഭരണമാറ്റമുണ്ടായി. 1990-ല്‍ ലെ വലേസ റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി. പ്രക്ഷോഭത്തെ നയിക്കുന്നതുപോലല്ല രാജ്യത്തെ നയിക്കല്‍.ആകയാല്‍ 95-ല്‍ അലക്സാണ്ടര്‍ കസിന്‍സ്കിയോട് വലേസ പരാജയപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റുകളും പഴയകമ്മ്യൂണിസ്റ്റുകളും അനുഭാവികളും ഒന്നിച്ച നവ ഇടതുപക്ഷമായിരുന്നു എതിര്‍ചേരി. പിന്നീട് സോളീഡാരിറ്റിയും ഇടതരും മാറിമാറി വന്ന് പോളണ്ട് രാഷ്ട്രീയാസ്ഥിരത അറിഞ്ഞു. തൊഴിലില്ലയ്മപെരുകി. വികസനം മുരടിച്ചു. ഇതിനിടയില്‍ കലഹിച്ചും പിളര്‍ന്നും പോളണ്ടിലെ സഖാക്കളുടെ സ്ഥിതി ഇന്ത്യന്‍ ഇടതുപക്ഷത്തേക്കാള്‍ ദയനീയമായി.

യാഥാസ്ഥിതികരും അവരിലെ മിതവാദികളും തമ്മിലായി ഭരിക്കാനുള്ള മത്സരം. ഇപ്പോഴത്തെ പ്രധാനമന്ത്രിയും കടുത്തമൂരാച്ചിയുമായ ജറോസ്ലോവ് കസിന്‍സ്കിയുടെ രഷ്ട്രീയ സഖ്യത്തെ പരാജയപ്പെടുത്തി തച്ചന്റെ മകനും മിതവാദിയും പഴയ സോളിഡാരിറ്റിയുമായ ഡൊണാള്‍ഡ് റ്റസ്ക് അധികാരത്തിലേക്കു വരുന്നു. പോളണ്ടിലെ കര്‍ഷകപാര്‍ട്ടിയുടെ പിന്തുണയോടെ.ഇപ്പോഴത്തെ വികാരം ട്രേഡുയൂണിയനല്ല, യൂറോപ്യന്‍ യൂണീയനാണ്. Europe is here not somewhere in Brussels എന്ന് റ്റസ്ക് പറഞ്ഞു കഴിഞ്ഞു..

സോളിഡാരിറ്റി സ്വതന്ത്ര ട്രേഡുയൂണിയനല്ല , അതിന്റെ പിന്നില്‍ പള്ളിയാണെന്നു സഖാക്കള്‍ പറഞ്ഞിരുന്നു. 90% റോമന്‍ കത്തോലിക്കരുള്ള ഒരു രാജ്യത്ത് പോളണ്ടുകാരന്റെ നിത്യജീവിതത്തില്‍ പള്ളി ഉണ്ടെങ്കില്‍ അവിടത്തെ ബഹുജനസമരത്തേയും പള്ളീ സ്വാധീനിച്ചേക്കാം. ഈ കുറിപ്പിന് കാരണഭൂതം ഡൊണാള്‍ഡ് റ്റ്സ്കല്ല, കേരളത്തിലെ സോളിഡാരിറ്റിയാണ്. മലയാള മാധ്യമങ്ങളില്‍ നിറയുന്ന സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ്.പടച്ചോന്റെ കൃപയാല്‍ ഒരു സെയ്ദു മുഹമ്മദ് വലേസ ഉയര്‍ന്ന് വന്ന് നമ്മെ മോചിപ്പിക്കാനിടയില്ല. എന്നാല്‍ മലയാളി മാവോമാര്‍ എല്ലാസന്ധ്യകളിലും സോളിഡാരിറ്റി വേദികളില്‍ തൊള്ളതുറക്കുന്നുണ്ട്. പഴയ ബന്ധത്തിന്റെ പേരില്‍ ഹുജിന്റാവോയ്ക്ക് സന്ദേശങ്ങള്‍ അയ്ക്കുന്നുണ്ട്. അതുകൊണ്ടാകണം അതിയാനും മതത്തെക്കുറിച്ച് പുനരാലോചനകള്‍ നടത്തുന്നത്.

താമരശേരി ചുരം എത്ര ചെറുത്!

1 comment:

sidheeque said...

യാദ്യശ്ചികമായണ് ഏറുമാടത്തില്‍ എത്തപ്പെടുന്നത്..
വിത്യസ്തത പുലര്‍ത്തുന്നുണ്ട്..നബീലിന് അഭിനന്ദനങ്ങള്‍..
മണ്ണിനും മനുഷ്യനും വേണ്ടി ഇരകളുടെ പക്ഷത്തിരിക്കാന്‍ ആത്മീയതയിലൂന്നിയ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കെ ആവൂ..
സീസറിനും ദൈവത്തിനും വീതം നിശ്ചയിച്ചാണ് ഇത്തരം നാമ്പുകളെ മുതലാളിത്തം അറുത്തു കളഞ്ഞത്..
ഇടതുവലതു രാഷ്ട്രീയ ചവിട്ടുനാടകങ്ങള്‍ക്കിടയില്‍ കേരളീയ രാഷ്ട്രീയ ഭൂപടത്തിന്റ്റെ ഗതി നിര്‍ണ്ണയിക്കുന്നതിനു സോളിഡാരിറ്റിക്കാവും എന്നാണ് അതിന്റ്റെ ജനകീയ ചലനങ്ങള്‍ വ്യക്തമാക്കുന്നത്..